ആരാധന...

ആരാധന...

'...യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾതന്നെയാണ്. യഥാർത്ഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.' (Jn 4:23).

ആരാധന, ഒരു വ്യക്തിയോട്, വസ്തുവിനോട്, ഇവിടെ ദൈവത്തോട് നമുക്ക് തോന്നുന്ന  ആദരവാണ്, ബഹുമാനമാണ്.

ആരാധനയ്ക്ക് യോഗ്യനായ ദൈവത്തോട് ഭക്തൻ, തന്റെ നിരാലംബതയിൽ, നിസ്സഹായതയിൽ നിരത്തുന്ന അപേക്ഷയാണ്, യാചനയാണ് പ്രാർത്ഥന. 

കൂടാതെ, പ്രാർത്ഥന ആ ആരാധ്യന് മുന്നിലെ ഭക്തന്റെ ശരണപ്പെടലോ,  സംഭാഷണമോ,
സാന്നിധ്യമോ ഒക്കെയാവാം.

സഹവസിക്കുന്ന, കൂടെ സഞ്ചരിക്കുന്ന ദൈവം:
തന്റെ ജനത്തിന്റെ ക്ലേശങ്ങൾ കണ്ട്, രോദനം കേട്ട്, യാതനകൾ അറിഞ്ഞു അവരെ മോചിപ്പിക്കുവാൻ ഇറങ്ങി വന്നവനാണ് വേദപുസ്തകത്തിലെ ദൈവം (Ex 3:7-8).

അവരുടെ വിമോചന യാത്രയിൽ പകൽ വഴികാട്ടാനായി 
മേഘസ്തംഭമായും രാത്രിയിൽ പ്രകാശം നൽകാൻ അഗ്നിസ്തംഭമായും (Ex 13:21) സഞ്ചരിച്ച്, കൂടാരത്തിൽ (Ex 25) സഹവസിക്കുകയും ചെയ്തവനുമാണ്. 

ഈ ദൈവത്തെ സൗകര്യപൂർവ്വം ദേവാലയത്തിൽ പ്രതിഷ്ഠിച്ച് അന്യപ്പെടുത്തി, എന്നുമാത്രമല്ല, ജനങ്ങളെ ധിക്കാരികളും പാപികളുമാക്കി അകറ്റിനിർത്തുകയും ചെയ്തു. എന്നിട്ട്, അവിടുത്തെ പ്രീണിപ്പിക്കാൻ, പ്രസാദിപ്പിക്കാൻ ബലികളും, അതിന് പുരോഹിത മധ്യസ്ഥവും അനിവാര്യമാക്കി! 

ഈ വിടവിനെയാണ് യേശു നികത്തിയത്, മാധ്യസ്ഥത്തെയാണ് അവിടുന്ന് ഇല്ലാതാക്കിയത്, 'ഈ മലയിലോ ജറുസലേമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.' (Jn 4:21).

ഇസ്രായേൽ ജനത്തിന്റെ മോചനത്തിന് നാന്നി കുറിച്ച പെസഹ ആചരണത്തെ 'തലമുറതോറും കർത്താവിന്റെ തിരുനാളായി, സ്മരണയായി ആചാരിക്കാൻ കല്പനയാക്കി (Ex 12:14).

ഇത്തരം ഒരു പെസഹാ ആചരണ വേളയിലാണ് (Mk 14:12) യേശു പുതിയ ഉടമ്പടി (Lk 22:19-20) സ്ഥാപിച്ചത്.

ഈ പുതിയ ഉടമ്പടിയാണ് നമ്മുടെ പെസഹ ബലി. ഇത് യേശുവിനെപ്പോലെ ജീവിക്കാൻ, വേണ്ടിവന്നാൽ മരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന, പ്രേരിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ഓർമ്മയാണ്.

'എന്റെ ഓർമയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ... നിങ്ങൾ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓർമയ്ക്കായി ചെയ്യുവിൻ (1Cor 11:24-25) എന്നതിനെ ഞായറാഴ്ചകളിൽ കല്പനയാക്കി!
കാലക്രമേണെ ഇതിനെ കച്ചവടമാക്കി, വിശേഷിച്ചും 'ശുദ്ധീകര സ്ഥലത്തെ' ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കയറ്റിവിടുന്ന എളുപ്പവഴിയാക്കി!
പിന്നീടിതിന് പല രൂപ ബേധങ്ങളും ഉണ്ടാക്കി -  സാധാരണ ബലി, സാഘോഷ ബലി, സമൂഹ ബലി എന്നിങ്ങനെയും. ഏറ്റവും ഒടുവിലായി ദിവ്യകാരുണ്യ ആരാധന യെന്ന പേരിൽ, അതിനെ എഴുന്നള്ളിച്ചു വയ്ക്കാൻ പ്രത്യേക ചാപ്പൽ, മിക്കവാറും ശീതീകരിക്കപ്പെട്ടത്, എന്നിങ്ങനെ  യേശുവിന്റെ ഓർമ്മ അവസാനമില്ലാതെ ദുരുപയോഗിക്കപ്പെടുന്നു!

യഹൂദ പാരമ്പര്യത്തിൽ,  ഭയത്തോടും വിറയലോടെയും ജനം കണ്ടിരുന്ന, അങ്ങകലെ ആകാശത്തുള്ള ദൈവത്തെ അടുപ്പമുള്ള പിതാവാ യി അവതരിപ്പിച്ചത് യേശുവാണ്. അതുകൊണ്ടാവണം അവിടുന്ന് ദൈവത്തി ന്റെ ആദ്യജാതൻ എന്ന് വിശേഷിപ്പിക്ക പ്പെട്ടത്.

ഈ പിതാവ്, നമ്മൾ ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ആവശ്യങ്ങൾ അറിയുന്നവനാണ് (Mt 6:8). 'ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും'(Mt 5:45) ചെയ്യുന്ന സ്നേഹമയിയുമാണ്.

ആകാശത്തിലെ പക്ഷികളെ തീറ്റി പ്പോറ്റുന്ന, വയലിലെ ലില്ലികളെ, ഇന്നുള്ളതും നാളെ അടുപ്പിൽ എറിയപ്പെടുന്നതുമായ പുല്ലിനെ അലങ്കരിക്കുന്ന (6:25-30) വനുമാണ്. 'മക്കൾക്ക് നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും? (7:11).

പ്രാർത്ഥിക്കുന്ന യേശു:
'... അവൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു...' (Lk 3:21)
'അവനാകട്ടെ വിജന പ്രദേശങ്ങളിലേക്ക് പിൻവാങ്ങി അവിടെ പ്രാർത്ഥിച്ചുകൊണ്ടിരു ന്നു.' (5:16).
'അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്കുകയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ച് ആയിരുന്നു.' (Mt 14:23, Mk 1:35, 6:46, ).
യേശു അവരോടൊത്ത് ഗത്സേമനി എന്ന സ്ഥലത്തെത്തി... പറഞ്ഞു: ഞാൻ പോയി പ്രാർത്ഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക.'(26:36, 39, 42, 44).
'ഒരിക്കൽ അവൻ തനിയെ പ്രാർത്ഥിക്കു കയായിരുന്നു. ശിഷ്യന്മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോൾ അവൻ ചോദിച്ചു: ഞാൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?... നിങ്ങൾ പറയുന്നത്? ' (9:18, 20)
'പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അവന്റെ മുഖഭാവം മാറി, വസ്ത്രം വെണ്മയോടെ ശോഭിച്ചു...' (9:29). ഇതേ അനുഭവം യേശു ശിഷ്യർക്കും അവകാശപ്പെട്ടതാണ്.

'അവൻ ഒരിടത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക.' (11:1).

നമ്മുടെ പ്രാർത്ഥന:
'സംഭവിക്കാനിരിക്കുന്ന ഇവയിൽ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർത്ഥിച്ചു കൊണ്ടു ജാഗരൂകരാ യിരിക്കുവിൻ.' (21:36).

'നിങ്ങൾ പ്രാർത്ഥിക്കു മ്പോൾ കപടനാട്യ ക്കാരെപ്പോലെ ആകരുത്... നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക, രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും. (Mt 6:1,6).

'... യോഹന്നാന്റെ ശിഷ്യർ പലപ്പോഴും ഉപവസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാൽ, നിന്റെ ശിഷ്യർ തിന്നുകുടിച്ചു നടക്കുന്നു!' (5:33).

വിഗ്രഹ ആരാധന:
'... ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാ കരുത്. (Ex 20:3)
... ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നിർമിക്കരുത്: അവയ്ക്കു മുൻപിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. (4-5).

ഇന്ന് എല്ലാം വിഗ്രഹമാക്കപ്പെട്ടുകഴിഞ്ഞു. ഇതിനെ വിദഗ്തമായി ചൂഷണം ചെയ്തു തുടങ്ങി, യേശുവിനെ, അവിടുത്തെ സുവിശേഷ/ദൈവരാജ്യ മൂല്യങ്ങളെ അറിയാത്ത, അറിയാൻ ആഗ്രഹിക്കാത്ത, ശ്രമിക്കാത്ത, അവിടുത്തെ ആടുകളെ അറിയാത്ത, അവയോട് അനുകമ്പയോ കരുണയോ ഇല്ലാത്ത പൗരോഹിത്യവും... അത് ദൈവേഷ്ടം എന്ന് വിഴുങ്ങുന്ന അന്ധവിശ്വാസവും...

അവിടുത്തെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലമാക്കി യവർ ആരായാലും, അവരെ പുറത്താക്കാൻ യേശു ചമ്മട്ടിയുമായി വരാതിരിക്കില്ല... (Jn 2:13ff).

നമുക്ക് സത്യത്തിലും ആത്മാവിലും പിതാവിനെ ആരാധിക്കാം (Jn 4:24).സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും (Jn16:13), സത്യം നിങ്ങളെ സ്വാതന്ത്രരാക്കും (Jn 8:32). നന്ദി.

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...