ദുഖവെള്ളി

 ദുഖവെള്ളി

(18.04.2025)
Is 52:13 – 53:12/ Ps 31:2,6; 12-13; 15-16; 17,25/ Heb 4:14-16; 5:7-9/ Jn 18:1-19:42
ശിഷ്യരുമൊത്തുള്ള അത്താഴശേഷം സ്വാതന്ത്ര്യത്തിന്റെ ഏതാനും മണിക്കൂറുകള്മാത്രം അവശേഷിക്കേ, ഗെദ്രോണ് താഴ്വരയിലെ തോട്ടത്തില് ശിഷ്യന്മാര് ചുറ്റിലും അലസമായി വിശ്രമിക്കെ, നിദ്രയിലാഴവേ അവരുടെ നിസ്സഹായ, നിര്വികാര സാന്നിധ്യത്തില്, പ്രാര്ഥനാനിരതനായ യേശുവിനെ ദേവാലയ കാവല്ക്കാര് ഒറ്റുകാരനുമായി അന്വേഷിച്ചെത്തുന്നു. തുടര്ന്ന്, ബന്ധനസ്തനാക്കി, കാരണം അവിടുന്നു ദേവാലയ സംവിധാനത്തെ കടന്നുകയറി അട്ടിമറിച്ച് തിരസ്കരിച്ചു, റോമാ സാമ്രാജ്യം അല്ലോത്തൊരു (ദൈവ)രാജ്യത്തെക്കുറിച്ച് സംസാരിച്ചു എന്നതിന്റെ പേരില് മാത്രം.
പീഡാനുഭവത്തെക്കുറിച്ച് നാല് സുവിശേഷങ്ങളും ഏതാണ്ട് സവിസ്തരം പ്രതിബാധിക്കുന്നുണ്ട്. മത്തായി, ലൂക്കോസ് കൂടാതെ യോഹന്നാന്റെയും മൂലകൃതി മര്കോസിന്റെതാനെന്നാണ് പൊതുവേ കരുതപ്പെടുന്നത്. പത്രോസിന്റെ പേരിലുള്ള അപോക്രിഫല് സുവിശേഷത്തെ ആസ്പതമാക്കി പീഡാനുഭ സ്രോതസായി കുരിശിന്റെ സുവിശേഷവും ലഭ്യമാണ്.
നമുക്കറിയാവുന്നതുപോലെ സംഭാഷണങ്ങളോടുകൂടിയ ഇത്ര ദീര്ഘമായ വിവരണം ഏതെങ്കിലും ദൃക്സാക്ഷിയില് നിന്നുണ്ടാവാന് സാധ്യതയില്ല, കാരണം ശിഷ്യന്മാര് സ്വയരക്ഷാര്ത്ഥം ഓടിയൊളിച്ചിരുന്നു, ഏതെങ്കിലും സ്ത്രീകള് ഉണ്ടായിരുന്നെങ്കില്ത്തന്നെ അവര് ദൂരത്ത് നിന്നും ഇവ വീക്ഷിച്ചവര് മാത്രമാണ്. എന്നാല്, പരിചിതമായ പഴയനിയമ പ്രവചനങ്ങള്, വിശേഷിച്ചും ഏശയ്യായുടെ ‘കര്ത്താവിന്റെ ദാസനെ’ക്കുറിച്ചുള്ള പ്രവചനങ്ങള് ഉള്പ്പെടെയുള്ളവയുമായി ബന്ധപ്പെടുത്തി പിന്നീട് സഭകള് പുനരാവിഷ്കരിച്ചവയാകാനാണ് ഏറെ സാധ്യത.
ഇന്നത്തെ ആദ്യ വായന (Is 52:13 – 53:12) അത്തരത്തിലുള്ള ഒന്നാണ്. ‘മുപ്പത്തൊന്പതാം അദ്ധ്യായത്തിനു ശേഷമുള്ളവയുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോള് അവ എശയ്യായുടെ തൂളികയില്നിന്നു വന്നതാകാന് വിഷമമാണ്. ഗ്രന്ഥകര്ത്താവ് അജ്നാതനായിരിക്കെ സൌകര്യാര്ത്ഥം 40-55 അദ്ധ്യായങ്ങളെ രണ്ടാം ഏശയ്യാ എന്നാണ് വിളിക്കുന്നത്... ആശയറ്റ് ദിനങ്ങള് കഴിക്കുന്ന പ്രവാസികള്ക്ക് ആശ്വാസം പകരുകയാണ് ഇവിടെ. ഈ ഭാഗത്തെ ശ്രദ്ധേയമാക്കുന്ന ‘കര്ത്താവിന്റെ ദാസന്- 4’പ്പറ്റിയുള്ള ഗീതങ്ങള് (Introduction to Isaiah in POC Bible, 2001., p.1035) ഇവിടെ കാണാം. ഇന്നത്തേത് നാലാം ഗീതകവും.
യേശു ഇപ്പോള് പ്രധാനപുരോഹിതന്റെ മുന്നിലാണ്, തുടര്ന്ന് പീലാത്തോസിന്റെ മുന്നിലും. അവിടുത്തെക്കെതിരായ വിധി തെളിയിക്കപ്പെട്ടവയല്ല, തല്പരകക്ഷികളായ അവരുടെയും കൂട്ടാളികളുടെ യും സമ്മര്ദ്ധത്തിന് വഴങ്ങി ഭീരുവും, നിലപാടുകലുമില്ലാത്ത ഒരു ഭരണാധികാരി നല്കിയ ഒന്നാണത്! ഈ പശ്ചാത്തലത്തില് ഇന്നത്തെ രണ്ടാം വായന (Heb 4:14-16; 5:7-9) ശ്രദ്ധേയമാകുന്നത്.
[പുതിയ നിയമത്തില് മറ്റെങ്ങും കാണാത്ത ഒരു പരാമര്ശം, യേശുവിനെ പ്രധാന പുരോഹിതനാക്കി ഇവിടെ കാണുന്നു! [വൈദീകരുടെ കാനോനിക പ്രാര്ഥനയിലും പൌലോസിന്റെ ശിഷ്യന്മാരില് ഒരാള് രചിച്ചുവെന്നു കരുതുന്ന ഈ ലേഖനത്തിന്റെ മറ്റൊരു ഭാഗം കൊടുത്തിട്ടുണ്ട് (9:11-28)! പുരോഹിതന് മധ്യസ്തനാണ്, ദൈവത്തിനും മനുഷ്യര്ക്കും ഇടയില്... ഇവിടെ നമ്മള് പാപികളും യോഗ്യരും, ദൈവം പ്രതികാര ദാഹിയായുമായിട്ടാണ് അവതരിപ്പിക്കുന്നത്... ഇതിന്റെ പേരില് നേര്ച്ച, കാഴ്ച, ബലിയര്പ്പണം, ആചാരാനുഷ്ടാനങ്ങള്... പിന്നെ കച്ചവടം... ഇതിനെയാണ് അവിടുന്ന് ചോദ്യം ചെയ്തത്...
എന്നാല് യേശു പഠിപ്പിച്ചു, ‘ദൈവം പിതാവാണ്’ (Mt 6:9) എന്ന്. ‘അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല് സൂര്യനെ ഉടിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല് മഴ പെയ്യിക്കുകയും ചെയ്യുന്നു’ (Mt 5:45) ‘നിങ്ങള് ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.’ (Mt 6:8, 31-34; 7:11; Jn 4:23). അങ്ങനെ, ഇടനിലക്കാരന്റെ ആവശ്യമില്ല എന്ന് പഠിപ്പിച്ചു… നമ്മള്, പുരുഷനും സ്ത്രീയും, ദൈവത്തിന്റെ ചായയില്, സാദൃശ്യത്തില് സൃഷ്ടിക്കപ്പെട്ടവരാണ് (Gen 1:27); ദൈവത്തോളം പരിശുദ്ധി പ്രാപിക്കേണ്ടാവരാണ്(Lev 11:44); പരിപൂര്ണത നേടേണ്ടവരാണ് (Mt 5:48); ലോകത്തിന്റെ പ്രകാശമാകേണ്ടവരും (5:14). ഇവയ്ക്കുപരി നമ്മള് ‘തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്’ (1Pet 2:9).
ദേവാലയത്തെ ചുറ്റിപ്പറ്റിയാണ് യഹൂദരുടെ മത, സാമൂഹിക, രാഷ്ട്രീയ ജീവിതം തിരിഞ്ഞിരുന്നത്. ഉടമ്പടിയുടെ ദൈവം അവിടെയാണ് അതിവസിചിരുന്നത്, അതാണ്‌ അവരുടെ തെരഞ്ഞെടുപ്പിന്റെ അടയാളം. യേശുവിന്റെ ഉദ്ദേശം ദൈവീകതയെ, ആരാധനയെ, ബലിയര്പ്പണത്തെ പ്പോലുമോ നിരാകരിക്കാനോ നിഷേധിക്കാനോ ആയിരുന്നില്ല. ഇവയ്ക്ക് തങ്ങളുടെ അനീതി നിറഞ്ഞ ദുഷ്പ്രവണതകളിലൂടെ ദരിദ്രരെയും വിജാതിയരെയും നിഷ്കരുണം ചൂഷണം ചെയ്യുന്ന സംവിധാനങ്ങള് ഒരുക്കി ക്രമമായി ലാഭവിഹിതം പറ്റിയിരുന്നവരാണ് പുരോഹിത വര്ഗ്ഗം. മാത്രമല്ല, വലിയൊരു വിഭാഗവും ദേവാലയത്തെ ആശ്രയിച്ചു ഉപജീവിച്ചിരുന്നു. നേതാക്കള്, ഭരണകര്ത്താക്കളും, അവരുടെ പ്രൌഡിക്കും സുഖലോലുപത യ്ക്കും മാറ്റ് കൂട്ടാന് ഇതിനെ ഉപയോഗിച്ചിരുന്നു.
ഇവരെ വെല്ലുവിളിച്ച്, ചൊടിപ്പിച്ചതാണ് ദേവാലയ ശുദ്ധീകരണം... വിജാതിയരുടെ അങ്കണത്തില് ‘പ്രവേശിച്ച്, അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന് തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്പനക്കാരുടെ ഇരിപ്പിടങ്ങളും അവന് തട്ടി മറിച്ചിട്ടു. ദേവാലയത്തിലൂടെ പാത്രങ്ങള് ചുമന്നുകൊണ്ടു പോകാന് ആരെയും അവന് അനുവദിച്ചില്ല.’ (Mk 11:15-16). വിജാതിയരോടുള്ള വിവേചനം തുടങ്ങി എല്ലാ അനീത സംവിധാനങ്ങളും അവസാനിപ്പിക്കുന്നതിലൂടെ ദൈവരാജ്യ സാക്ഷാത്കാരത്തിനായി ആവും വിധം ശ്രമിക്കുക, പൊരുതുക എന്നിവയാണ്.
ദേവാലയത്തിന് നേര്ക്കുള്ള ഏതൊരു അതിക്രമവും യഹൂദ വികാരത്തിന് നേരെയുള്ളതായേ കണക്കാക്കു. അതുകൊണ്ടുതന്നെ യേശുവിന്റെത്‌ അവഗണിക്കാവുന്ന ഒരു കടന്നുകയറ്റമായിരുന്നില്ല. അങ്ങനെ, എല്ലാ അര്ത്ഥത്തിലും യേശുവിനെ ഇല്ലാതാക്കുവാന് ഒരുങ്ങിക്കഴിഞ്ഞു.
ഇത്ര വലിയ ഒരു അങ്കണത്തില് അവിടുത്തെ പ്രവര്ത്തി പ്രത്യക്ഷത്തില് നിസ്സാരമെന്ന് തോന്നാമെങ്കിലും അത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതം പ്രവചനാധീതമാണ്. അതുകൊണ്ട് ദേവാലയ പ്രമാണിമാര് വൈകിക്കാതെ അവിടുത്തെ തടങ്കലിലെടുത്തു. ഇനി നാമമാത്രമായ വിചാരണയും കുരിശുമാരണത്തിനുള്ള ശിക്ഷാവിധി പ്രഖ്യാപനവും ഉണ്ടാവും...]
ആ വിധി അവിടുന്ന് ശ്രവിച്ചത് ഭീതിയോടും ഞെട്ടലോടെയുമായിരിക്കാം. കുരിശുമരണം എത്ര ഭയാനകമാണെന്ന് ഏതൊരു യഹൂദനുമെന്നപോലെ അവിടുത്തേക്കും അറിയാമായിരുന്നിരിക്കണം. ഒരു റോമന് പൌരനല്ലാത്ത അവിടുത്തേക്ക്‌ ഇനിയൊരു അപ്പീല്പോലും ഇതിനെതിരെ ലഭിക്കില്ല എന്നും അറിയാം.
അന്ന് അറിയപ്പെട്ടിരുന്നതില് ഏറ്റം കിരാതവും ഭയാനകവുമാണ്‌ മണിക്കൂറുകളോ, ഒരുപക്ഷെ ദിവസങ്ങളോ നീണ്ടുനില്ക്കാവുന്ന ഇഞ്ചിഞ്ചായുള്ള, കുരിശുമരണം എന്ന് യഹൂദ ചരിത്രകാരന് ജോസെഫൂസ് പറഞ്ഞുവചിട്ടുണ്ട്. [മററ് മരണ ശിക്ഷകള്, മൃഗങ്ങള്ക്ക് ഇട്ടുകൊടുത്ത് അവ പിചിച്ചീന്തി സംഭവിക്കാവുന്ന മരണവും, ജീവനോടെ തീയില് വലിച്ചെറിയപ്പെടുന്നതുമാണ്.] ഇവയ്ക്ക് മുന്നോടിയായി അവഹേളനവും മറ്റ് പീഡകളും. കുരിശുമരണത്തില് ശരീര ഭാഗങ്ങള്വരെ മുറിച്ചു മാറ്റുന്ന ക്രൂരതയുമുണ്ടാവാം. ഇതിന്റെയൊക്കെ പാരമ്യമെന്നോണം വശ്ത്രാക്ഷേപം നടത്തി നഗ്നനാക്കി കുരിശില് തലകീഴായോ അല്ലാതെയോ, കഴുകന്മാര്ക്കും നായ്ക്കള് മുതലായ വന്യ ജീവികള്ക്കും ഇരയായി ഉപേക്ഷിക്കുക എന്നത്. എല്ലാം വിധി നടപ്പാക്കുന്നവരുടെ ക്രൂരവിനോദം പോലെ... ഏതൊ രാള്ക്കും, യാത്രക്കാര്ക്കുപോലും കാണാനും പരിഹസിക്കാനും തക്കവിധം, ഗോല്ഗോഥ [തലയോടിടം, കാല്വരി] നഗരാതിര്ത്തിക്ക് ഏറെ ദൂരെയല്ലാതെ എഫ്രേം കവാടത്തിലേക്ക് പോകുന്ന യാത്രാതിരക്കുള്ള വഴിയേയാണ്‌...
മെല് ഗിപ്സന്റെ ‘ദി പാഷന് ഓഫ് ക്രൈസ്റ്റ്’ എന്ന വിഖ്യാത സിനിമയിലെ രംഗങ്ങള് പീഡാനുഭവം അതിന്റെ തീവ്രതയില് അവതരിപ്പിക്കുന്നെ ണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഒന്നുമല്ലെങ്കിലും ഇവ പൊതുജനമധ്യേ, അവരെ ഭീഷണിപ്പെടുത്തുവാന്, ഭീതിപ്പെടുത്തുവാന് വേണ്ടി പൊതുസ്ഥലങ്ങളില് അരങ്ങേറ്റിയ ക്രൂരതകളാണ്. എന്നാല് ഇതിലും എത്രയോ ക്രൂരമായ പീഡനമുറകള് നമ്മുടെ കാലത്തെ ഭരണ കൂടങ്ങള്, പോലീസ്, പട്ടാള രഹസ്യ സംവിധാനങ്ങളിലൂടെ, അവരെ വിമര്ശിക്കുകയോ, ചെറുത്തു നില്ക്കുകയോ, പോരാടുകയോ ചെയ്യുന്നവരുടെമേല്, വിശേഷിച്ചും തീവ്രവാദികളെന്നു മുദ്രയടിക്കപ്പെട്ടവരുടെമേല് നടത്തിയിട്ടുള്ളത്!
അവസാന മണിക്കൂറുകള്: അവിടുത്തെ ഗത്സമേനില് വച്ച് ബന്ധിച്ചതുമുതല് പീഡനങ്ങളും, പ്രഹരങ്ങളും, അവഹേളനങ്ങളും തുടര്ന്നുകൊണ്ടിരുന്നു, പ്രത്യേകിച്ച് അവിടുത്തെ വ്യാജ പ്രവാചകനായി മുദ്ര കുത്തിയ പ്രധാന പുരോഹിതന്റെയും, സ്വയം രാജാവായി പ്രഖ്യാപിച്ചു എന്നാരോപിച്ച റോമന് ഭരണാധികാരിയുടെയും കുറ്റാരോപണത്തിനും വിധിക്കും ശേഷം, അവിടുത്തേക്ക്‌ കാവല് നിന്നവര് അവിടുത്തെ പരിഹസിക്കുകയും, അടിക്കുകയും ചെയ്തു. അവര് അവിടുത്തെ കണ്ണുകള് മൂടിക്കൊണ്ട്, നിന്നെ അടിച്ചവന് ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. അവര് അവനെ അധിക്ഷേപിച്ച് അവനെതിരായി പലതും പറഞ്ഞ’ (Lk 22:63-65) തിനൊപ്പം പടയാളികള് ഒരു മുള്ക്കിരീടമുണ്ടാക്കി അവിടുത്തെ തലയില് വച്ചു, ഒരു ചെമന്ന മേലങ്കി അണിയിച്ചു. അവന്റെ അടുക്കല് വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞു കൈകൊണ്ട് അവനെ പ്രഹരിച്ചു. (Jn 19:1-3). ഇവയൊക്കെ വസ്തുതകള്, ചരിത്ര സംഭവങ്ങള് എന്നതിലുപരി, പഴയനിയമ പ്രവചനങ്ങളുമായി ബന്ധപ്പെടുത്തി സഭാ പാരമ്പര്യങ്ങള് അവതരിപ്പിച്ചവയാകാനാണ് സാധ്യത.
അതിനീചമായ അവഹേളനങ്ങള് ഇനി നടക്കാനിരിക്കുന്നതേയുള്ളൂ. അവിടുത്തെ ആകമാനം വസ്ത്രാക്ഷേപം ചെയ്ത്, കല്ത്തൂണില് ബന്ധിച്ച്, പ്രത്യേകം തയ്യാറാക്കിയ ചമ്മട്ടികൊണ്ടാടിപ്പിക്കുന്നു, തോല് പൊട്ടി, ചത പിഞ്ഞി രക്തം വാര്ന്നൊലിക്കുന്ന രീതിയില്... ശേഷം നില്ക്കാന്പോലും കഴിയാത്തവിധം തളര്ന്നു വീഴാറാവുന്ന മട്ടിലാവും... ഇതിന്റെ തീവ്രതയില് ചിലര് തല്ക്ഷണം മരിച്ചുവീഴാറുമുണ്ട്...
ജറുസലേം ഇപ്പോള് ഉത്സവപ്രതീതിയിലാണ്... ജനം പെസഹാചാരണ ത്തിന്റെ അവസാന ഒരുക്കങ്ങള് നടത്തുന്ന തിരക്കിലും... പെസഹ ആരംഭിക്കുന്നതിനു മുന്പേ യേശുവിനെ ക്രൂശിക്കാനുള്ള യാത്ര പീലാത്തോസിന്റെ കൊട്ടാരത്തില്നിന്നും കാല്വരിയിലെക്ക് നീങ്ങിക്കഴി ഞ്ഞു... വിധിവാചകം കഴുത്തില് തൂക്കിയിട്ടുണ്ട്... അവിടെ എത്തിക്കഴിഞ്ഞാല്, അവസാനത്തെ അവഹേളനമെന്ന രീതിയില് വീണ്ടും വിവസ്ത്രനാക്കി താഴേക്ക് തള്ളിയിട്ട് കൈകള് രണ്ടും നിവര്ത്തി കുരിശില് തറയ്ക്കുന്നു...
യേശുവാണെങ്കില്, ക്ഷീണിതനാകയാല്, കുരിശു ചുമക്കാന് കഴിയാത്ത അവസ്ഥയില് സൈരീന്കാരനായ ശെമയോന്റെ സഹായം വേണ്ടിവന്നു... മാത്രവുമല്ല, പാര്ശ്വങ്ങളില് ക്രൂഷിക്കപ്പെട്ടവര്ക്ക് മുന്പേ അവിടുന്ന് മരിക്കുകയും ചെയ്തു.
ഈ കിരാത മരണം അവിടുന്ന് പ്രതീക്ഷിച്ചതാണെങ്കിലും, നൂറുകൂട്ടം ചോദ്യങ്ങള് ഉയര്ത്തുന്നുണ്ടായിരുന്നു: തന്റെയും, ദരിദ്രരുടെയും ദൈവത്തിന്റെ പിതൃത്വത്തിനു ചേര്ന്ന ഒരു സാഹചര്യം, ദൈവരാജ്യം സ്വപ്നം കണ്ടത് വൃതാവിലായോ? താന് തുടക്കം കുറിച്ച പ്രസ്ഥാനം ഇനി എന്താവും? തന്റെ സുഹൃത്തുക്കളും അനുയായികളും എവിടെ? തനിക്കു മുന്നിലുള്ള മരണത്തില് നിന്നും തന്നെ രക്ഷിക്കുവാന് ഈ പിതാവിനാവില്ലെന്നോ? ദൈവത്തിന്റെ പേരില്, പ്രാര്ഥനയും വഴിപാടുകളുടെയും പേരില്പോലും ചൂഷണങ്ങളോ? മനുഷ്യര് തമ്മിലുള്ള വിവേചനം ഈ പിതാവ് എങ്ങനെ അനുവദിക്കുന്നു?
ഇവയുടെ വെളിപാടായിരുന്നു ഗത്സമെനിയിലെ പ്രാര്ത്ഥന [പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില് ഈ പാനപാത്രം എന്നില്നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിരവേരട്ടെ (Lk 22:42), ‘എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?’ (Mk 15:34), ‘പിതാവേ, അങ്ങയുടെ കരങ്ങളില് എന്റെ ആത്മാവിനെ ഞാന് സമര്പ്പിക്കുന്നു’(Lk 23:46) കുരിശിലെ നിലവിളി എന്നിവയൊക്കെ...
എന്നാല് ശത്രുക്കളെപ്പോലും സ്നേഹിക്കാന് പഠിപ്പിച്ച ഒരു തികഞ്ഞ അഹിംസാവാദിയായിരുന്നു യേശു. ‘ദുഷ്ടനെ എതിര്ക്കരുത്. വലത്തു കാരണത്തടിക്കുന്നവന് മറ്റേ കാരണം കൂടി കാണിച്ചുകൊടുക്കുക’ (Mt 5:39), ശത്രുക്കളെ സ്നേഹിക്കുവിന്; നിങ്ങളെ പീഡിപ്പിക്കുന്നവര്ക്കുവേണ്ടി പ്രാര്ഥിക്കുവിന്’ (5:44) എന്നൊക്കെ പഠിപ്പിച്ച അവിടുന്ന് തന്നെ, വാളില്ലാ ത്തവന് സ്വന്തം കുപ്പായം വിറ്റ് വാള് വാങ്ങട്ടെ’ (Lk 22:36) എന്നും അങ്ങനെ വാളെടുത്ത് വെട്ടിയവനോട്, ‘വാള് ഉറയിളിടുക; വാളെടുക്കുന്നവന് വാളാല് നശിക്കും’(Mt 26:52) എന്നുകൂടി ആജ്നാപിച്ചവനാണ് അവിടുന്നു.
തന്നെ ബന്ധിപ്പിച്ചുകൊണ്ട് പോകാന് വന്ന മത-രാഷ്ട്രീയ പടയാളികളോട്, ശിഷ്യന്മാരെ വിട്ടിട്ട് തന്നെമാത്രം ബന്ധിപ്പിക്കുവാന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നവനാണവിടുന്നു. ഇവിടെ ശക്തമെന്ന് സ്വയം വീമ്പിളക്കുന്ന ഒരു സംവിധാനം, ഒരു പിന്ബലവും ഇല്ലാത്ത, വെറുമൊരു സാധുവിനെ എന്തുമാത്രം ഭയപ്പെട്ടുവെന്നോ! പ്രധാന പുരോഹിതനാകട്ടെ, റോമന് ഗവര്ണര് ആകട്ടെ, യേശുവിന്റെ മുന്പില് അവര് ഒന്നുമല്ലാത്തവരും ഭീരുക്കളുമായി നിലകൊണ്ടത് ആര്ക്ക് വിസ്മരിക്കാന് കഴിയും!
ഭയപ്പെടാവുന്ന അവസരങ്ങളില്പോലും ശിഷ്യഗണങ്ങളെ ഭയപ്പെടരുത് എന്ന് ശക്തിപ്പെടുത്തിയ അവിടുന്നില് ഒരിക്കലുമൊരിക്കലും ഭയം എന്ന ഒരു വികാരം ഉണ്ടായിരുന്നില്ല, കാരണം അവിടുത്തേക്ക്‌ നഷ്ടപ്പെടാന് ആകെയുള്ള ജീവനെപ്പോലും നല്കുവാന് സന്നദ്ധനായി മുന്നോട്ടുവന്നവനാണ്.
എന്നാല്, ഒരുതരം ആശങ്കയോ, നിരാശയോ ഉണ്ടായിരുന്നതായിട്ട് കാണാം, സര്വശക്തനും സര്വജ്ഞാനിയും, സര്വവ്യാപിയുമായ തന്റെ പിതാവ് തന്നെ കൈവിട്ടുവോ എന്ന സംശയം, അതാണ്‌ ‘എന്റെ പിതാവേ, എന്റെ പിതാവേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?’ (Mk 15:34; Mt 27:46) എന്ന വിലാപം. എങ്കിലും ഒടുവില്, പ്രത്യാശയ്ക്ക് ഇടമില്ലെന്ന് തോന്നിക്കാവുന്ന ആ അന്ത്യ പ്രലോഭനത്തെയും അതിജീവിച്ച് അതേ ‘പിതാവിന്റെ കരങ്ങളില്ത്തന്നെ തന്റെ ആത്മാവിനെയും’ സമര്പ്പിച്ചാണ് (Lk 23:46; Jn 19:30) അവിടുന്ന് ഉയിര്ത്തത്, ഉദ്ധാനം ചെയ്തത്...

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...