പെസഹാ വ്യാഴം: ദിവ്യകാരുണ്യ- പൌരോഹിത്യ സ്ഥാപനവും പരസ്നേഹ കല്പനയും
പെസഹാത്രിദിനം
പെസഹാ വ്യാഴം
ദിവ്യകാരുണ്യ- പൌരോഹിത്യ സ്ഥാപനവും പരസ്നേഹ കല്പനയും
Ex 12:1-8, 11-14/ Ps 116:12-13, 15-16, 17-18/ 1Cor 11:23-26/ Jn 13:1-15
[പെസഹാ ആചരണം: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള് ഞാന് കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത കാരണം അവരില്നിന്ന് ഉയര്ന്നുവരുന്ന രോദനം ഞാന് കേട്ടു. അവരുടെ യാതനകള് ഞാന് അറിയുന്നു. ഈജിപ്തുകാരുടെ കൈയില് നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്ത്രുതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക്... അവരെ നയിക്കാനുമാണ് ഞാന് ഇറങ്ങി വന്നിരിക്കുന്നത്’ 3:7-8]
- ‘കട്ടിളയിലുള്ള രക്തം കാണുമ്പോള് ഞാന് നിങ്ങളെ കടന്നുപോകും. ഞാന് ഈജിപ്തിനെ പ്രഹരിക്കുമ്പോള് ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങള്ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ...’
- പുതിയ ഉടമ്പടി: ‘നിങ്ങള് ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓര്മയ്ക്കായി ചെയ്യുവിന്. നിങ്ങള് ഈ അപ്പം പക്ഷിക്കുകയും ഈ പാനപാത്രത്തില് നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.’ (1Cor 11:25-26).
- പാദം കഴുകല്: അത്താഴത്തിനിടയില് അവന് എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില് കെട്ടി. അനന്തരം, ഒരു താലത്തില് വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള് കഴുകാനും അരയില് ചുറ്റിയിരുന്ന തൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി... നിങ്ങളുടെ കര്ത്താവും ഗുരുവുമായ ഞാന് നിങ്ങളുടെ പാദങ്ങള് കഴുകിയെങ്കില്, നിങ്ങളും പരസ്പരം പാദങ്ങള് കഴുകണം..
ക്രൈസ്തവീകതയുടെ കാതലാണ് ഉയിര്പ്പു. “ക്രിസ്തു ഉയിര്പ്പിക്കപ്പെട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്ത്ഥം.” (1 കോറി 15:14) പരമമായ പ്രത്യാശയുടെ ഈ ദിവസത്തിനുവേണ്ടിയാണ് കഴിഞ്ഞ നാല്പത് (നോമ്പ് കാലം) ദിനങ്ങള് നമ്മള് പ്രാര്ഥിച്ച്, ഉപവസിച്ച് ഒരുങ്ങിയത്. ഇതാ, അതിന്റെ അടുത്ത ഒരുക്ക ദിനങ്ങള്, വിശുദ്ധ വാരം, അതിലും വിശേഷിച്ച് പെസഹാത്രിദിനം... അതിന്റെ തുടക്കം, കര്ത്താവിന്റെ അത്താഴം അനുസ്മരിക്കുന്ന പെസഹാ വ്യാഴവും.
ഇന്നത്തെ ആദ്യ വായന, പഴയ നിയമത്തിന്റെ കേന്ദ്രബിന്ദുവായ പുറപ്പാടും അതിന്റെ കേന്ദ്രമായആചാരനുഷ്ടാനമായ പെസഹാ അനുസ്മരണവുമാണ്. ‘ഇത് തലമുറതോറും കര്ത്താവിന്റെ തിരുനാളായി നിങ്ങള് ആചരിക്കണം...’ (പുറ 12:14).
[മാത്രവുമല്ല, യേശുവിനെ പരമാവധി ചരിത്രപരമായി ശാസ്ത്രീയമായി അപഗ്രദിച്ച, Jose Antonio Pagola-യുടെ ‘Jesus – An Historical Approximation’- നിലെ പരാമര്ശങ്ങളും ശ്രേദ്ധയമാണ്.]
പശ്ചാത്തലം: പ്രായപൂര്ത്തിയായ എല്ലാ യഹൂദരെയുംപോലെ യേശുവും ശിഷ്യഗണങ്ങളും പെസഹാ ആചരിക്കാന് വിശുദ്ധ നഗരിയില് എത്തുന്ന നാളുകള്. അതിന് ഇനിയും ദിവസങ്ങള് ഉണ്ടായിരിക്കെ, യേശുവും സംഘവും സൌകര്യാര്ത്ഥം, അടുത്തുള്ള (3 കിലോമീറ്റര്) ബെഥാനിയായിലെ സുഹൃത്തുക്കളായ ലാസര്, മാര്ത്താ, മറിയത്തിന്റെ ഭവനത്തിലാണ് താമസം.
ദേവാലയത്തിലേക്ക് വന്ന യേശു അസാധാരണവും അപകടകരവുമായ ഒരു സാഹസികതയ്ക്ക് ഒരുങ്ങുകയാണ്. അതായത്, പുരോഹിതന്മാരെ, മതനേത്രുത്വത്തെ, അവര്ക്ക് സൌകര്യങ്ങള് ഒരുക്കുന്ന ഭരണ നേതൃത്വത്തെ വെല്ലുവിളിച്ച്, ചൊടിപ്പിച്ച ദേവാലയ ശുദ്ധീകരണം... വിജാതിയരുടെ അങ്കണത്തില് ‘പ്രവേശിച്ച്, അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്ന വരെ പുറത്താക്കാന് തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്പനക്കാരുടെ ഇരിപ്പിടങ്ങളും അവന് തട്ടി മറിച്ചിട്ടു. ദേവാലയത്തിലൂടെ പാത്രങ്ങള് ചുമന്നുകൊണ്ടു പോകാന് ആരെയും അവന് അനുവദിച്ചില്ല.’ (Mk 11:15-16). വിജാതിയരോടുള്ള വിവേചനം തുടങ്ങി എല്ലാ അനീത സംവിധാനങ്ങളും അവസാനിപ്പിക്കുന്നതിലൂടെ ദൈവരാജ്യ സാക്ഷാത്കാരത്തിനായി ആവും വിധം ശ്രമിക്കുക, പൊരുതുക എന്നിവയാണ്.
ഇത്ര വലിയ ഒരു അങ്കണത്തില് അവിടുത്തെ പ്രവര്ത്തി പ്രത്യക്ഷത്തില് നിസ്സാരമെന്ന് തോന്നാമെങ്കിലും അത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതം പ്രവചനാധീതമാണ്. അതുകൊണ്ട് ദേവാലയ പ്രമാണിമാര് വൈകിക്കാതെ അവിടുത്തെ തടങ്കലിലെടുത്തു. ഇനി നാമമാത്രമായ വിചാരണയും കുരിശുമാരണത്തിനുള്ള ശിക്ഷാവിധി പ്രഖ്യാപനവും ഉണ്ടാവും...
ദേവാലയത്തിന് നേര്ക്കുള്ള ഏതൊരു അതിക്രമവും യഹൂദ വികാരത്തിന് നേരെയുള്ളതായേ കണക്കാക്കു. കാരണം അതിനെ ചുറ്റിപ്പറ്റിയാണ് അവരുടെ മത, സാമൂഹിക, രാഷ്ട്രീയ ജീവിതം തിരിഞ്ഞിരുന്നത്. ഉടമ്പടിയുടെ ദൈവം അവിടെയാണ് അതിവസിചിരുന്നത്, അതാണ് അവരുടെ തെരഞ്ഞെടുപ്പിന്റെ അടയാളം. അതുകൊണ്ടുതന്നെ യേശുവിന്റെത് അവഗണിക്കാവുന്ന ഒരു കടന്നുകയറ്റമായിരുന്നില്ല.
യേശുവിന്റെ ഉദ്ദേശം ദൈവീകതയെ, ആരാധനയെ, ബലിയര്പ്പണത്തെ പ്പോലുമോ നിരാകരിക്കാനോ നിഷേധിക്കാനോ ആയിരുന്നില്ല. ഇവയ്ക്ക് തങ്ങളുടെ അനീതി നിറഞ്ഞ ദുഷ്പ്രവണതകളിലൂടെ ദരിദ്രരെയും വിജാതിയരെയും നിഷ്കരുണം ചൂഷണം ചെയ്യുന്ന സംവിധാനങ്ങള് ഒരുക്കി ക്രമമായി ലാഭവിഹിതം പറ്റിയിരുന്ന പുരോഹിത വര്ഗ്ഗം എല്ലാ അര്ത്ഥത്തിലും യേശുവിനെ ഇല്ലാതാക്കുവാന് ഒരുങ്ങിക്കഴിഞ്ഞു.
വലിയൊരു വിഭാഗം ദേവാലയത്തെ ആശ്രയിച്ചു ഉപജീവിച്ചിരുന്നു. നേതാക്കള്, പുരോഹിതരും ഭരണകര്ത്താക്കളും, അവരുടെ പ്രൌഡിക്കും സുഖലോലുപതയ്ക്കും മാറ്റ് കൂട്ടാന് ഇതിനെ ഉപയോഗിച്ചിരുന്നു.
പ്രത്യക്ഷത്തില്, പെസഹാ ആചരിക്കാനാണ് ശിഷ്യരുമൊത്തു വിശുദ്ധ നഗരിയില് വന്നതെങ്കിലും, അവിടുന്ന് ബന്ധിതനായതുകൊണ്ട് അത് നടന്നിട്ടുണ്ടാവില്ല. എങ്കിലും, അവിടുന്ന് പ്രഘോഷിച്ച ദൈവരാജ്യ മൂല്യങ്ങള്ക്ക് വേണ്ടി സ്വജീവല്സമര്പ്പണം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ അവിടുന്ന് അതില്നിന്നും ഓടിയൊളിക്കാതെ, ദൈവപിതാ വുമായി പ്രാര്ഥനയില് സംവദിച്ച്, സര്വ്വവും അവിടുന്നില് സമര്പ്പിച്ച്, അതിനെ ആശ്ലേഷിക്കുവാന്തന്നെ തീരുമാനിച്ചു. അതിന് മുന്നോടിയായി ശിഷ്യരുമൊത്ത് അവരോടുള്ള തന്റെ അതീത സ്നേഹവും കരുതലുമൊക്കെ പങ്കുവയ്ക്കുവാന്, ഇനിയൊരവസരം ഉണ്ടാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ, തനിക്ക് സംഭവിക്കാനിരിക്കുന്ന ഉണ്ടാക്കിയേക്കാവുന്ന ദുര്യോഗത്തിന്റെ ആഘാതം നേരിടുവാന് അവരെ പ്രാപ്തരാക്കുവാന്, അതിലുപരി ദൈവരാജ്യത്തിനുവേണ്ടി അവിടുത്തെ അഭാവത്തിലും പ്രവര്ത്തിച്ച് അതിനെ യാഥാര്ത്ഥ്യമാക്കുവാന് തക്കവണ്ണം അവര്ക്കുവേണ്ടി യേശു ഒരുക്കിയ അവിസ്മരണിയ വിരുന്നായിരുന്നു, പിന്നീട് അന്ത്യഅത്താഴം എന്നറിയപ്പെട്ട അത്. മിക്കവാറും പെസഹായുടെ തലേദിവസമായിരിക്കാ (യോ13:1)മിത്. അതില് പെസഹായുടെ ചേരുവകകളോ, ആചാരങ്ങളോ ഒന്നും ഇല്ലായിരുന്നു. സംഭാവിക്കാന് പോകുന്നതിനെയോര്ത്ത് യേശുവിന് ആശങ്കയും ഭയവും ഉണ്ടായിരിക്കാനിടയുണ്ടെങ്കിലും, പരിഭവം ഇല്ലായിരുന്നെന്നാണ് സുവിശേഷങ്ങള് വായിക്കുന്നവര്ക്ക് മനസ്സിലാവുന്നതാണ്. മാത്രവുമല്ല, അതൊരു തത്-രൂപ ആഖ്യാനം എന്നതിലുപരി അതാത് സഭകളില് അനുഷ്ടിച്ചുപോന്ന ആചാരത്തിന്റെ പശ്ചാത്തലത്തിലെ ആഖ്യാനമാകാനാണ് സാധ്യത.
അവിടുത്തെ സംബന്ധിച്ചിടത്തോളം എല്ലാ വിരുന്നും ദൈവരാജ്യത്തിന്റെ അടയാളവും മുന് ആസ്വാദനവുമാണ്. ഇവിടെ അവിടുന്ന് തീവ്രമായ രണ്ടു വികാരങ്ങളാല് പ്രട്ചുപ്തനാണ്. ആദ്യത്തേത്, അനിവാര്യവും അവഗണിക്കാന് കഴിയാത്തതും വളരെയരികില് എത്തിനില്ക്കുന്നതുമായ മരണം. അതിലുപരി, ദൈവത്തിലുള്ള തകര്ക്കാന് പറ്റാത്ത അചഞ്ചല വിശ്വാസമാണ് മറ്റൊന്ന്. തന്റെ അനിവാര്യമായ മരണത്തിന് ദൈവരാജ്യ സാക്ഷാത്കാരത്തെ തടയുവാന് സാധ്യമല്ല. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത്: ‘ദൈവരാജ്യത്തില് ഞാന് ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്നിന്നു ഇനി ഞാന് കുടിക്കുകയില്ല.’ (Mk 14:25). ഈ വിരുന്ന് വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെയും അതിലെ വിരുന്നിന്റെയും അടയാളവും മുന്നാസ്വാദനവുമാണ്.
അപ്പം എന്നും യേശുവിനൊരു അനുഗ്രഹത്തിന്റെ അടയാളമാണ്, ആവേശമാണ്, വിശിഷ്യ വിശക്കുന്നവരുടെ ദൃഷ്ടിയില്. അത് മുറിച്ച് ശിഷ്യന്മാര്ക്ക് കൊടുക്കുമ്പോള് അനുഗ്രഹം തന്നെയാണ് കൊടുക്കുന്നത്. ഇപ്പോള് അത് കൊടുത്തുകൊണ്ട് പറഞ്ഞ: ‘ഇത് എന്റെ ശരീരം’ എന്ന അരമായ പ്രയോഗത്തിന്റെ അര്ഥം ‘ഇത് ഞാനാണ്’ എന്നതാണ്. പിന്നീട് വീഞ്ഞ് വാഴ്ത്തി അവിടുന്നു കുടിച്ച അതേ പാത്രത്തില് നിന്നും എല്ലാവരെയും കുടിപ്പിച്ചു. അങ്ങനെ അത് ‘ഉടമ്പടിയുടെ’ പാനപാത്രമായി.
ഇത് ശിഷ്യഗണങ്ങളില് ഒതുങ്ങേണ്ട ഒന്നായിട്ടല്ല അവിടുന്ന് വിഭാവന ചെയ്തത്, അതിലുപരി അത് ‘അനേകര്ക്കുവേണ്ടി’ (Mk 14:24), അതായത്, സകലമാനവര്ക്കും, ലോകത്തിനുവേണ്ടിക്കൂടിയാണ്. അങ്ങനെ, അതിനെ തന്റെ രക്ഷാകര ശുശ്രൂഷയുടെ, ജീവത്യാഗത്തിന്റെ കൌദാസിക അടയാളമായിക്കൂടി ഉയര്ത്തുകയായിരുന്നു അവിടുന്ന്. ഇതിലൂടെ, തന്റെ ശിഷ്യഗണം, തന്നില് വിശ്വസിക്കുന്നവര് തന്നിലും പരസ്പര സ്നേഹത്തിലും, ബന്ധത്തിലും കഴിയാനും, അവിടുന്നിലുള്ള പ്രത്യാശയിലും വളരാനുംകൂടിയാണ്. അവരെ ശുശ്രൂഷിക്കാനുള്ള ഒരുവനായി അവിടുത്തെ അവര് എന്നും കാണാനും, അതിനുവേണ്ടി ജീവന് ത്യജിച്ചവനാണെന്ന് ഓര്ക്കാനും വേണ്ടിക്കൂടി... ഇങ്ങനെവേണം അവര് എന്നും തന്നെ ഓര്ക്കാന്, ഇതാണ് അവിടുത്തെ ഓര്മ്മ (1Cor 11:24-25; Lk 22:21).
വരാനിരിക്കുന്ന മരണത്തിനു ശേഷവും യേശു അവതരിപ്പിച്ച ദൈവരാജ്യ ദൌത്യവും സജീവമായി തുടരാന് സാധിക്കുന്ന വിധത്തില് കൂടിയാണ് ഈ പുതിയ വിരുന്ന്... ഒരുപക്ഷെ, അവിടുത്തെ കാലത്ത് ആചാരം മാത്രമായിത്തീര്ന്ന പെസഹായ്ക്ക് അവിടുന്നു നല്കിയ പുതിയ മാനം, സന്ദേശം. മതം ഉള്പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പാവങ്ങളെ ചൂഷണം ചെയ്യുന്ന പശ്ചാത്തലത്തില് അവിടുത്തേക്ക് നല്കാവുന്ന ഏറ്റം വിപ്ലവാത്മകമായ സന്ദേശം. വിശക്കുന്നവര്ക്ക് സ്വയം അപ്പമായും, പിന്നെ അവഗണിക്കപ്പെടുന്നവര്ക്ക് തന്റെ ഈ ശൂന്യവല്കരണം ആശ്വാസവുമാ യൊക്കെ അനുഭവപ്പെടാം. യേശുവിന്റെ വിരുന്നില് വിവേചനം, പക്ഷപാതം ഉണ്ടായിരുന്നില്ല...
എന്നാല്, വൈരൂദ്ധ്യം എന്ന് പറയട്ടെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ സമാനതകളില്ലാത്ത ഈ ബലിയെപ്പോലും മതസംവിധാനം, പൌരോഹിത്യം എല്ലാത്തലത്തിലും, തരത്തിലും ആചാരമാക്കി കംബോളവല്കരിച്ചു കഴിഞ്ഞു.
പൌരോഹിത്യ സ്ഥാപനം:
പുരോഹിതന് മധ്യസ്തനാണ്, ദൈവത്തിനും മനുഷ്യര്ക്കും ഇടയില്... എന്നാല് യേശു പറയുന്നു: ‘നിങ്ങള് ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.’ (Mt 6:8, 31-34; 7:11; Jn 4:23). അങ്ങനെ, ഇടനിലക്കാരന്റെ ആവശ്യമില്ല എന്ന് പഠിപ്പിച്ചു.
നമ്മള്, പുരുഷനും സ്ത്രീയും, ദൈവത്തിന്റെ ചായയില്, സാദൃശ്യത്തില് സൃഷ്ടിക്കപ്പെട്ടവരാണ് (Gen 1:27); ദൈവത്തോളം പരിശുദ്ധി പ്രാപിക്കേണ്ടാവരാണ്(Lev 11:44); പരിപൂര്ണത നെടെണ്ടവരാണ് (Mt 5:48); ലോകത്തിന്റെ പ്രകാശമാകേണ്ടവരും (5:14).
ഇവയ്ക്കുപരി നമ്മള് ‘തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്’ (1Pet 2:9).
പരസ്നേഹ കല്പന:
‘നിങ്ങളുടെ കര്ത്താവും ഗുരുവുമായ ഞാന് നിങ്ങളുടെ പാദങ്ങള് കഴുകിയെങ്കില്, നിങ്ങളും പരസ്പരം പാദങ്ങള് കഴുകകണം... ഞാന് നിങ്ങള്ക്കൊരു മാതൃക നല്കിയിരിക്കുന്നു.’ (Jn 13:1-15). ‘..നിങ്ങളുടെയിടയില് അങ്ങനെ(യജമാനത്വം, അധികാരം)യാകരുത്... മനുഷ്യപുത്രന് വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന് അനേകര്ക്കു വേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ.’ (Mk 10:42-45). ‘ഞാനാകട്ടെ നിങ്ങളുടെയിടയില് പരിച്ചരിക്കുന്നവനെപ്പോലെയാണ്.’ (Lk 22:27).
അവിടുത്തെ കാലത്തുണ്ടായിരുന്ന വിവേചനങ്ങള് (സ്ത്രീ-പുരുഷ, ദരിദ്ര-സമ്പന്ന, പാപി-പരിശുദ്ധന് മുതലായ), അസമത്വങ്ങള് ഇല്ലാത്ത ഒരു സാഹചര്യം, സംവിധാനമാണ് അവിടുന്ന് സ്വപ്നം കണ്ടത്... ദൈവം പിതാവും മറ്റെല്ലാവരും മക്കളും, പരസ്പരം സഹോദരങ്ങളും മാത്രമാവുന്ന അവസ്ഥ... ഇതിനെയാണ് അവിടുന്ന് ‘ദൈവരാജ്യം’ എന്ന് വിശേഷിപ്പിച്ചത്, വിളിച്ചത്... ഈ രാജ്യം സമീപസ്തമാണ്, നിങ്ങളുടെയിടയില്ത്തന്നെയുണ്ട്... വേണ്ടത്, മാനസാന്തരം മാത്രം... ഈ അവസ്ഥയില് ആകപ്പാടെ വേണ്ടത്, സ്നേഹവും കരുതലും, അതില്നിന്നുയരുന്ന സേവന സന്നദ്ധത്തയും... ഈ ദിവസവും നമുക്കൊരു പെസഹാ- കടന്നുപോകല് -അനുഭവമാകട്ടെ, എല്ലാ അടിമത്തങ്ങളില് നിന്നും, കാരണം നമ്മുടെ ദൈവം സ്വാതന്ത്ര്യത്തിന്റെ ദൈവമാണ്... ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള് ഞാന് കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത കാരണം അവരില്നിന്ന് ഉയര്ന്നുവരുന്ന രോദനം ഞാന് കേട്ടു. അവരുടെ യാതനകള് ഞാന് അറിയുന്നു. ഈജിപ്തുകാരുടെ കൈയില് നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്ത്രുതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക്... അവരെ നയിക്കാനുമാണ് ഞാന് ഇറങ്ങി വന്നിരിക്കുന്നത്’ പുറപ്പാട് 3:7-8]
Comments
Post a Comment