18th Sunday - 3.8.'25

18th Sunday - 3.8.'25

Eccl 1:2, 2:21-23 - സകലവും മിഥ്യ... അധ്വാനിച്ചുണ്ടാക്കിയവ...അധ്വാനിക്കാത്തവന് വിട്ടുകൊടുക്കേണ്ടി വരുന്നു...

Col 3:1-5, 9-11

ഭൂമിയിലുള്ള വസ്തുക്കളിലല്ല, ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കുവിൻ.. 

Lk 12:13-21ഭോഷനായ ധാനികൻ...


മിഥ്യ - മായ 

- കയറിലെ സർപ്പം! 

- അദ്വൈധം - കയറും സർപ്പവും ഒന്നുതന്നെ...

ദൈവപരിപാലനയിൽ ആശ്രയിക്കുവിൻ 22-34

ഒരുവൻ ചെരിപ്പില്ല എന്ന് പരിഭവിച്ചിരിക്കെ കാലില്ലാത്ത ഒരുവനെ കാണുന്നു...

ചക്രവർത്തിയോട് നേരിട്ട് യാചിക്കാൻ വന്ന ഭിക്ഷു പ്രാർത്ഥനാമുറിയിൽ കൈ നീട്ടി യാചിക്കുന്ന ചക്രവർത്തിയെകണ്ട് മടങ്ങുന്നു...

പനയുടെ ചുവട്ടിലെ നിരവോടെയിരിക്കുന്ന യാചകൻ...


- ജെ. നാലുപറയിൽ [KTA]

അനന്തരം അവന്‍ അവരോടു പറഞ്ഞു: "ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്."

-----

I. സന്ദർഭം

ദൈവികപദ്ധതിയനുസരിച്ചുള്ള രക്ഷകനും ദൈവപുത്രനുമായ ക്രിസ്തുവാണ് യേശുവെന്ന് ശ്രോതാക്കളെ അറിയിക്കുകയാണ് ലൂക്കാ സുവിശേഷകന്റെ ലക്ഷ്യം. 


യേശുവിന്റെ പരസ്യശുശ്രൂഷയ്ക്കുള്ള ഒരുക്കം (1:5-4:13) അവതരിപ്പിച്ചശേഷമാണ് ലൂക്കാ 'ഗലീലിയിലെ ശുശ്രൂഷ' (4:14-9:50) വിവരിക്കുന്നത്. അതിന്റെ പരിസമാപ്തിയിലാണ് യേശുവിന്റെ ജറുസലെമിലേക്കുള്ള യാത്ര (9:51-19:27) ആരംഭിക്കുന്നത്.


യേശു 'വഴിയിലാണെന്നുള്ള' ലൂക്കായുടെ ഓർമ്മപ്പെടുത്തലുകളുടെ വെളിച്ചത്തിൽ (10:38, 13:22, 17:11) ജറുസലേം യാത്രയെ നാല് ഉപവിഭാഗങ്ങളായി തിരിക്കാം: 

1) 9:51-10:37; 

2) 10:38-13:21; 

3) 13:22-17:10; 

4) 17:11- 19:27. 

ഇതിലെ രണ്ടാമത്തെ ഉപവിഭാഗത്തിലാണ് ഇന്നത്തെ സുവിശേഷഭാഗം (12:13-21) വരുന്നത്.


സന്ദർഭം:  അനുഷ്ഠാനപരമായ ശുദ്ധിയെ ചുറ്റിപ്പറ്റി ഫരിസേയരുടെയും നിയമജ്ഞരുടെയും കാപട്യത്തെ വിമർശിക്കുന്നതിന്റെയിടയിൽ (11:37-54) എല്ലാം ശുദ്ധമായിരിക്കാനായി അവരുടെ സമ്പത്തെല്ലാം ദാനം ചെയ്യാൻ യേശു നിർദ്ദേശിക്കുന്നു (11:41). 

തുടർന്ന് ഫരിസേയരുടെ പുളിമാവിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ശിഷ്യർക്ക് കൊടുക്കുന്നു (12:1-12). 


അതിനുശേഷം കുടുംബസ്വത്തിനെപ്പറ്റിയുള്ള തർക്കം പരിഹരിക്കാൻ ഒരുവൻ യേശുവിനോട് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് (12:13) ഇന്നത്തെ സുവിശേഷഭാഗം വരുന്നത് (12:13-21).


സമ്പത്തിനോടുള്ള സമീപനമാണ് ഇവിടുത്തെ ചർച്ചാവിഷയം. സമ്പത്തെല്ലാം ദാനം ചെയ്യാൻ ഫരിസേയരെ ഉപദേശിക്കുന്ന യേശുവിനെയാണ് (11:41) സ്വത്ത് തർക്കത്തിന് മധ്യസ്ഥത വഹിക്കാൻ ഒരുവൻ ക്ഷണിക്കുന്നത് (12:13). 


മുമ്പ് ശിഷ്യരെ ദൗത്യവുമായി പറഞ്ഞുവിടുമ്പോഴും സമ്പത്തിൽ ആശ്രയം വയ്ക്കരുതെന്ന നിർദേശമാണ് യേശു അവർക്ക് നൽകിയത് (10:4). 


ജറുസലെത്തേക്കുള്ള യാത്രാമദ്ധ്യേ അനേകതവണ യേശു മുന്നറിയിപ്പ് കൊടുക്കുന്ന കാര്യമാണ് സാമ്പത്തിനോടുള്ള ആസക്തി (10:4; 11:41; 12:13-21; 14:33; 16:1-14; 18:18-30; 19:1-10; 19:11-27 ).


പശ്ചാത്തലവിവരം സ്വത്ത് തർക്കത്തിൽ മധ്യസ്ഥരാകാൻ നിയമജ്ഞരെയും റബ്ബിമാരെയും ക്ഷണിക്കുന്നതും അവർ അതിന് പരിഹാരമുണ്ടാക്കുന്നതും യേശുവിന്റെ കാലത്ത് സാധാരണമായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് യേശുവിനെയും ഒരു തർക്കപരിഹാരത്തിനായി ഒരാൾ ക്ഷണിക്കുന്നത്.


എന്നാൽ ബന്ധിതർക്ക് മോചനവും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും ദരിദ്രർക്ക് സുവിശേഷവും പ്രസംഗിക്കാനുള്ള ജീവിതദൗത്യവുമായി വന്ന യേശു (4:18-20) അതിന് അനുരൂപമായ പ്രബോധനത്തിനായി ഈ സാഹചര്യം ഉപയോഗിക്കുന്നു.


പ്രമേയം:

മനുഷ്യജീവിതത്തെ വാസ്തവത്തിൽ 'എങ്ങനെയാണ് ശ്രേഷ്ഠമാക്കാൻ പറ്റുന്നത് അഥവാ ധന്യമാക്കാൻ സാധിക്കുന്നത്' (12:15) എന്നതാണ് ഇവിടുത്തെ പ്രധാന പ്രമേയം. അത് വിശദീകരിക്കാനാണ് യേശു 'സമ്പന്നനായ ഭോഷന്റെ' ഉപമ പറയുന്നത് (12:16-21). 


തനിക്കുവേണ്ടിത്തന്നെ സമ്പത്ത് ശേഖരിച്ചുവയ്ക്കാതെ, ദൈവസന്നിധിയില്‍ സമ്പന്നനാകുന്നതിലൂടെയാണ് (12:21) ഒരുവന്റെ ജീവിതം ശ്രേഷ്ടമാകുന്നത്. ഇതാണ് യേശുവിന്റെ പ്രബോധനം.


സന്ദേശം:

1) 'മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്' (12:15). യേശു ഈ പറയുന്നത് നമ്മുടെയൊക്കെ സാധാരണ ജീവിതാനുഭവമാണ്. കാരണം, ഏറെ സമ്പത്ത് കിട്ടിയവർ പലപ്പോഴും ഏറെ സന്തോഷവാന്മാരല്ല; പരമ ദരിദ്രർ പരമ ദുഖിതരുമല്ല. നേരെമറിച്ച്, സമ്പന്നർക്ക് ആകുലതകൾ കൂടിക്കൂടി അവരുടെ ജീവിതം പലപ്പോഴും ഭാരമേറിയതായിത്തീരുന്നു. ദരിദ്രർ പലപ്പോഴും ആയാസരഹിതമായ ജീവിതം നയിക്കുന്നു. അങ്ങനെയെങ്കിൽ ജീവിതം ധന്യമാക്കാനുള്ള വഴിയെന്താണ്? ഇത് വിശദീകരിക്കാനാണ് യേശു ധനികന്റെ ഉപമ പറയുന്നത് (12:16).


'അനേക വർഷത്തേക്ക് വേണ്ട വിഭവങ്ങൾ സമാഹരിച്ചവനോട്' ദൈവം ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കണം. 'ഭോഷാ, ഈ രാത്രി നിന്റെ ജീവനെ നിന്നിൽ നിന്ന് ആവശ്യപ്പെടും. അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?' (12:20). 'ജീവനും സമ്പത്തുമാണ്' ഈ ചോദ്യത്തിലെ രണ്ടു ഘടകങ്ങൾ. ഏതിനാണ് നീ ഏറ്റവും കൂടുതൽ പ്രാധാന്യം കല്പിക്കുന്നത്? അഥവാ ഏതിനാണ് നീ ഒന്നാം സ്ഥാനം കൊടുക്കുന്നത്? - നിന്റെ ജീവനാണോ അഥവാ നിന്റെ സമ്പത്തിനാണോ? ഇത് നാം ജീവിതത്തിൽ പുലർത്തേണ്ട പ്രാധാന്യക്രമത്തിന്റെ പ്രശ്നമാണ്. ജീവനാണ് ഒന്നാംസ്ഥാനം കൊടുക്കേണ്ടതെന്ന് ഏതു കൊച്ചുകുട്ടി പോലും പറയും. എങ്കിൽ അത് മറക്കാതെ നിന്റെ അനുദിനജീവിതം അതിന്റ നിറവിൽ ജീവിക്കാൻ നീ ശ്രമിക്കുക. സമ്പത്ത് സ്വരുക്കൂട്ടാനുള്ള മാർഗ്ഗമായി നിന്റെ ജീവിതത്തെ മാറ്റാതെ, ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കാനുള്ള ഒരു ഉപാധിയായി മാത്രം നിന്റെ സമ്പാദ്യങ്ങളെ ഉപയോഗിക്കുക.


2) കൃഷിസ്ഥലം സമൃദ്ധമായ വിളവ് നൽകിയപ്പോൾ കൃഷിക്കാരന്റെ ഉൽക്കണ്ട: 'ഞാൻ എന്തു ചെയ്യുമെന്നാണ്' (12:17). സമ്പത്തിന്റെ സമൃദ്ധി ഒരുവനിൽ ഉളവാക്കുന്നത് ടെൻഷനാണ്. നേരെ മറിച്ചും സംഭവിക്കാം. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും അഭാവവും നിന്നെ ടെൻഷനിലേക്ക് നയിക്കാം (12:22). ആ സ്ഥിതിക്ക്, 'ടെൻഷൻ' ഒഴിവാക്കാനുള്ള വഴിയാണ് യേശു ഇവിടെ പഠിപ്പിക്കുന്നത്.


പ്രാഥമികാവശ്യങ്ങളായ ഭക്ഷണം വസ്ത്രം എന്നിവയെക്കുറിച്ചുപോലും നീ ടെൻഷൻ പിടിക്കരുത്. കാരണം, ഭക്ഷണത്തേക്കാൾ ഉപരിനന്മയായ ജീവൻ ദൈവം നിനക്കു തന്നിരിക്കുന്നു; വസ്ത്രത്തേക്കാൾ ഉപരിനന്മയായ ശരീരം നിനക്കവൻ തന്നിരിക്കുന്നു (12:23). എന്നുപറഞ്ഞാൽ, 'ടെൻഷൻ' ഒഴിവാക്കാനുള്ള കുറുക്കുവഴി ഇതാണ്: നിനക്ക് നൽകപ്പെട്ടിരിക്കുന്ന വലിയ നന്മകളെ നീ ശ്രദ്ധിക്കണം; അവയിലേക്ക് നിന്റെ ജീവിതത്തെ നീ 'ഫോക്കസ്' ചെയ്യണം. ഇല്ലാത്ത ഭക്ഷണത്തിലേക്കല്ല, മറിച്ച് നിനക്ക് ലഭിച്ചിരിക്കുന്ന ജീവനിലേക്കു നീ ശ്രദ്ധിക്കണം. അപ്പോൾ, ഭക്ഷണമില്ലല്ലോയെന്ന ആകുലതക്ക് പകരം, ജീവനുണ്ടല്ലോയെന്ന യാഥാർഥ്യം തരുന്ന കൃതജ്ഞത കൊണ്ട് നിന്റെ ഹൃദയം നിറയും. വസ്ത്രമില്ലലോയെന്ന ആകുലതയല്ല, മറിച്ച് ശരീരം ഉണ്ടല്ലോയെന്ന ആനന്ദം നിന്റെ ജീവിതത്തെ ഭരിക്കും. ആന സ്വന്തമായിട്ടുള്ളവൻ തോട്ടിയില്ലല്ലോ എന്നോർത്ത് ആകുലപ്പെടരുത്, മറിച്ച് ആനയുണ്ടല്ലോ എന്നോർത്ത് ആനന്ദിക്കണം. അതോടെ, ആനയെ തന്നവൻ തോട്ടിയും തരുമെന്ന പ്രത്യാശ നിന്റെ ജീവിതത്തെ ഭരിക്കാൻ തുടങ്ങും.


3) ദൈവസന്നിധിയിൽ സമ്പന്നനാകാനാണ് യേശുവിന്റെ നിർദ്ദേശം (12:21). എങ്ങനെയാണ് ദൈവസന്നിധിയിൽ സമ്പന്നനാകുക? അതിനുള്ള വഴിയാണ് തൊട്ടുപുറകെ യേശു പഠിപ്പിക്കുന്നത്. അവൻ പറയുന്നത്, കാക്കകളെയും ലില്ലിപ്പൂക്കളെയും നോക്കാനാണ്. ഒന്നിനെ ദൈവം തീറ്റിപ്പോറ്റുന്നു; മറ്റതിനെ അണിയിച്ചൊരുക്കുന്നു (12:24,27-28). നിസ്സാര സൃഷ്ടികളുടെ കാര്യത്തിൽ ദൈവത്തിന്റെ ശ്രദ്ധയും പരിപാലനയും ഇതാണെങ്കിൽ,  ഇവയേക്കാൾ വളരെയേറെ വിലപ്പെട്ട നിന്റെ കാര്യത്തിൽ നിന്റെ പിതാവ് എത്രമാത്രം കരുതൽ കാണിക്കാതിരിക്കില്ല (12:28-29). ജീവന്റെ ഉറവയും അതിന്റെ പരിപോഷകനുമായ ദൈവം പ്രകൃതിയിൽ വച്ചിരിക്കുന്ന ഒരു ക്രമീകരണമുണ്ട്; അതിനുള്ളിലാണ് നിസ്സാരങ്ങളായ ലില്ലിയും കാക്കയും പോലും. അങ്ങനെയെങ്കിൽ, നിന്റെ ജീവനും ദൈവപരിപാലനയെന്ന ആ ക്രമീകരണത്തിനുള്ളിൽ പെടുന്നതാണ്. അതിനാൽ നിന്റെ ചുറ്റിലും നിന്റെ ഉള്ളിലും നിറയുന്ന ആ ദൈവപരിപാലനയെ തിരിച്ചറിയുക; അതിൽ ആശ്രയം വയ്ക്കുക. എങ്കിൽ മാത്രമേ, "തനിക്കുവേണ്ടി സമ്പത്ത് ശേഖരിച്ചുവയ്ക്കാനുള്ള" (12:21) പ്രവണതയെ ചെറുക്കാൻ നിനക്കാകുള്ളൂ.


ദൃഷ്ടാന്തം:

ഒരിക്കൽ ധനാഢ്യനായ ഒരു വ്യവസായി ഒരു ബീച്ചിൽ നടക്കാനിറങ്ങി. കുറെ ചെന്നപ്പോൾ, കടലോരത്ത് സ്വന്തം വഞ്ചിയുടെ അമരത്ത് തലചായ്ച്ച് വിശ്രമിക്കുന്ന ഒരു മുക്കുവനെ അയാൾ കണ്ടുമുട്ടി. സമയം രാവിലെ പത്തുമണി കഴിഞ്ഞിട്ടേയുള്ളൂ. ഒരു മുക്കുവൻ ഇത്ര നേരത്തെ കിടന്നുറങ്ങുന്നത് അയാളെ അത്ഭുതപ്പെടുത്തി. അയാൾ മുക്കുവനെ തട്ടിയുണർത്തി, ഇത്ര നേരത്തെ വിശ്രമിക്കുന്നതിന്റെ കാരണമാരാഞ്ഞു.


തനിക്കും കുടുംബത്തിനും അന്നേ ദിവസത്തേക്ക് ആവശ്യമുള്ളത്ര മീൻ പിടിച്ചു കഴിഞ്ഞതുകൊണ്ടാണ് വിശ്രമിക്കുന്നതെന്ന് അയാൾ മറുപടി പറഞ്ഞു. ആ മറുപടിയിൽ തൃപ്തനാകാതെ വ്യവസായി ചോദിച്ചു: "താങ്കൾ ബാക്കി നേരം കൂടി മീൻ പിടിക്കാൻ പോയാൽ ഇതിലും ഇരട്ടി മീൻ കിട്ടില്ലേ?"


"കിട്ടും. അത് കൊണ്ടെന്താണ് പ്രയോജനം?


"അധികമുള്ള മീൻ വിറ്റുകിട്ടുന്ന പണം താങ്കൾക്ക് ബാങ്കിൽ നിക്ഷേപിക്കാമല്ലോ?"


"എന്നിട്ടോ?"


"അങ്ങനെ കുറേക്കാലം സംഭരിച്ചു വയ്ക്കുന്ന പണം കൊണ്ട് താങ്കൾക്ക് ഒരു ഫിഷിങ് ബോട്ട് വാങ്ങാമല്ലോ?"


"എന്നിട്ടോ?"


"ആ ഫിഷിങ് ബോട്ടിൽ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് പിന്നെയും പുതിയ ഫിഷിങ് ബോട്ടുകൾ വാങ്ങാൻ പറ്റുമല്ലോ?"


"എന്നിട്ടോ?"


"ആ ബോട്ടുകളിലെല്ലാം ജോലിക്കാരെ വച്ച് അവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചിട്ട് താങ്കൾക്ക് ശിഷ്ടകാലം സ്വസ്ഥമായി വിശ്രമിക്കാമല്ലോ?"


ചെറിയൊരു പുഞ്ചിരിയോടെ മുക്കുവൻ ചോദിച്ചു: "അതു തന്നെയല്ലേ ഞാനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്, സ്വസ്ഥമായി എന്റെ വഞ്ചിയിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്നു?"


ഗുരു പറഞ്ഞു: "ഭാവിയിയെക്കുറിച്ചുള്ള ഉൽക്കണ്ഠകളിലല്ല, ഇപ്പോൾ കൈയിലുള്ള ജീവിതത്തിലാണ് നീ യഥാർത്ഥ സന്തോഷം കണ്ടെത്തേണ്ടത്."

- ജെ. നാലുപറയിൽ 

[https://youtu.be/cOqSV97CPT4?si=85iZtWWMqkyvU3BS]


Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...