ദിവ്യബലി... ദിവ്യകാരുണ്യം...

 ദിവ്യബലി... ദിവ്യകാരുണ്യം...

ദിവ്യകാരുണ്യം നാവില് സ്വീകരിക്കുന്നവര്ക്ക് യേശുവിന്റെ സാന്നിധ്യത്തില് കൂടുതല് വിശ്വാസമുള്ളതായി പഠന റിപ്പോര്ട്ട്:
വാഷിങ്ടൺ: ദിവ്യകാരുണ്യം കൈയിൽ സ്വീകരിക്കുന്നവരെക്കാൾ നാവിൽ സ്വീകരിക്കുന്നവർക്ക് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിൽ കൂടുതല് വിശ്വാസമുള്ളതായി പഠന റിപ്പോര്ട്ട്. ദിവ്യകാരുണ്യം യേശു ക്രിസ്തുവിന്റെ യഥാര്ത്ഥ ശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്ഡെമാന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നാവില് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദേവാലയങ്ങളില് ദിവ്യബലിയില് പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നു പോകുന്ന പാരമ്പര്യം കണ്ട് വളര്ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീര രക്തങ്ങള് തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു.
അമേരിക്കയിലെ 860 കത്തോലിക്കരില് നടത്തിയ ഒരു സര്വേയുടെ അടിസ്ഥാനത്തിലാണ് ഈ പഠന റിപ്പോര്ട്ട് തയാറാക്കിയത്. സര്വേയില് പങ്കെടുത്തവരില് 31 ശതമാനം പേര് ദിവ്യകാരുണ്യത്തില് യേശുവിന്റെ യഥാര്ത്ഥ സാന്നിധ്യത്തെക്കുറിച്ച് ഉറപ്പ് പ്രകടിപ്പിച്ചു.
ആരാധനാ രീതിയും ആചാരങ്ങളുടെ ഗൗരവവും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ് എന്ന് പഠനം വ്യക്തമാക്കുന്നു. പരിശുദ്ധ കുർബാനയിലെ യഥാർത്ഥ സാന്നിധ്യം വിശ്വാസികളുടെ മനസിൽ ശക്തിപ്പെടുത്താൻ ആരാധനാ രീതികളുടെ ഗൗരവവും ദൃശ്യാനുഭവങ്ങളും നിർണായകമാണെന്നും പഠനം പറയുന്നു.
----------------------------------------
മുകളിലത്തെ സർവ്വേ ഫലത്തിന്റെ വെളിച്ചത്തിൽ, ഇന്ന് സഭ ഇങ്ങനെ മുന്നോട്ടു വയ്ക്കുന്ന ദിവ്യകാരുണ്യമായി യേശു തന്റെ പെസഹ ആചരണത്തെ കണ്ടിരുന്നുവോ എന്ന പ്രസക്തമായ അന്വേഷണമാണ് താഴെ:
സുവിശേഷങ്ങൾ അവതരിപ്പിക്കുന്ന യേശു, ആചാരങ്ങളോ മതമോ സ്ഥാപിക്കാൻ വന്നവല്ല. എന്നാൽ,
മതത്തെ, അതിന്റെ ആചാരങ്ങളെ, പ്രത്യേകിച്ച് അവയിലൂടെയുള്ള ചൂഷണത്തെ, കച്ചവടത്തെ എതിർത്ത് (യോഹ 2:13-18) അപകടം, ജീവപായം പോലും വിളിച്ചു വരുത്തിയവനാണ്.
സമരിയാക്കാരി സ്ത്രീയുമായുള്ള സംഭാഷണത്തിൽ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയെ (4:20-24), വിളമ്പരമില്ലാത്ത പ്രാർത്ഥനയെ (മത്തായി 6:5-8) അവിടുന്ന് ഊണിപ്പറയുന്നുണ്ട് .
മുകളിലത്തെ സർവ്വേ പ്രകാരം 31 ശതമാനം പേര് ദിവ്യകാരുണ്യത്തില് യേശുവിന്റെ യഥാര്ത്ഥ സാന്നിധ്യത്തെ ക്കുറിച്ച് ഉറപ്പ് പ്രകടിപ്പിച്ചു. എങ്കിൽ, ബാക്കി 69% പേർക്ക് ഉറപ്പില്ലെന്നല്ലേ! അത് സംശയമാവാം, വിശ്വാസമോ ബോധ്യമോ ഇല്ലെന്നൊക്കെയാവാമല്ലോ?
യേശു സംശയങ്ങളെ ചോദ്യങ്ങളെ അവഗണിച്ചിരുന്നില്ല. വിശ്വാസമോ, അന്ധമായ അനുസരണമോ, ആചാരമോ ആവശ്യപ്പെട്ടവനുമല്ല
(യോഹ 20:24-29).
യേശുവിന്റെ മരണത്തിന്, ഉയിർപ്പനുഭവത്തിനു ശേഷം രൂപം കൊണ്ട മാർഗ (അപ്പ. നടപടി 9:2) ത്തെയാണ് സാവൂൾ പീഡിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്, വഴിയേ അദ്ദേഹം
മാനസാന്തര വിധേയനായി പൗലോസായിത്തീർന്നു. ഈ മാർഗത്തിൽ ചരിച്ചിരുന്നവരെയാണ് ആദ്യമായി അന്തയോക്യയിൽ വച്ച് ക്രിസ്ത്യാനികൾ (11:26) എന്ന് വിളിച്ചത്.
ഇവർ തുടർന്നും പീഡിപ്പിക്കപ്പെട്ടു. എങ്കിലും യേശുവിന്റെ ഓർമ്മ അപ്പം മുറിക്കുന്നതിലും പങ്കുവയ്ക്കുന്നതിലൂടെ നിലനിർത്തി. പിന്നീട് ശ്രേഷ്ഠന്മാർ ഇത്തരം ഓർമ്മകൾക്ക്‌ നേതൃത്വം നൽകി. പിന്നീട് ഇവരെ റോമാ സാമ്രാജ്യം (കോൺസ്റ്റന്റൈൻ) അംഗീകരിച്ചതോടെ നേതൃത്വത്തിന് പ്രഭുത്വവും അനുബന്ധ സൗകര്യങ്ങളും അധികാരവും നൽകി. ഇത് കാലക്രമേണേ ചക്രവർത്തിക്കൊ പ്പം നിലയുറപ്പിക്കുന്ന ഒരു പ്രസ്ഥാന മായി, വ്യവസ്ഥിതിയായി, സഭയായി വളർന്നു. തുടർന്ന് സുനാഹദോ സ്സുകളിലൂടെ ക്രൈസ്തവ രചനകൾക്ക് കാനോനികത നൽകി ബൈബിളിന് രൂപം കൊടുത്തു. എതിർപ്പുകളെ തെറ്റാവരാം ( infallibility) പ്രയോഗിച്ച്
അടിച്ചമർത്തി. എതിർപ്പ് തുടർന്നവരെ ഭാഷാണ്ടത കല്പിച്ച് പുറത്താക്കി.
യേശുവിന് അംഗീകരിക്കാൻ, ഉൾക്കൊള്ളാൻ കഴിയാത്ത, അവിടുത്തെ ജീവിതത്തെ പ്രബോധനങ്ങളെ അങ്ങേയറ്റം വെറുത്തിരുന്ന, അവിടുത്തെ ഇല്ലായ്മ ചെയ്ത ശ്രേണിവത്കൃത പൗരോഹിത്യത്തെ സഭയുടെ എല്ലാമെല്ലാമാക്കി, യേശുവിന്റെ ഓർമ്മയെ ആചാരമാക്കി.
പിന്നെ പറയേണ്ടതില്ലല്ലോ, സ്ഥാപനവത്കരണത്തിന്റെ ഒരു ജൈത്ര യാത്ര തന്നെ തുടർന്നു, തുടരുന്നു...
യേശുവിന്റെ ഓർമ്മയെ ദിവ്യ ബലിയാക്കി പരമാവധി കച്ചവടവൽക്കരിച്ചു. എതിർത്തവർ പ്രത്യേക വിഭാഗങ്ങളായി...
ഞാനാകുന്നു വഴിയും സത്യവും ജീവനു മെന്ന് (യോഹ 14:6) അവകാശപ്പെട്ട യേശു, സത്യം നിങ്ങളെ സ്വാതന്ത്രരാക്കും
(8:32) എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അങ്ങനെ, യേശു തോമസിന്റെ സംശയത്തെ, ശിഷ്യന്മാരുടെ ചോദ്യങ്ങളെ ബഹുമാനിച്ചിരുന്നു, അതിന് അർഹമായ പ്രത്യുത്തരം നൽകിയിരുന്നു. എന്നാൽ, സഭയുടെ രീതി ഇതല്ല. എല്ലാവരും പരമാധികാരത്തെ അന്ധമായി അനുസരിക്കണമെന്ന് ശഠിക്കുന്നു, അനുസരിക്കാത്തവരെ പുറത്താക്കുന്നു!
വീണ്ടും യേശുവിന്റെ ഓർമ്മ ആചാരിക്കുന്ന ദിവ്യബലിയിലേക്ക്, അതിലൂടെ വാഴ്ത്തപ്പെട്ട അപ്പത്തിലേക്കു, ദിവ്യകാരുണ്യ ത്തിലേക്ക് വരാം.
ഈ അപ്പം യേശുവിന്റെ ശരീരവും വീഞ്ഞ് അവിടുത്തെ രക്തവുമായി ആദരിച്ചു മുറിച്ച് പങ്കുവച്ചും പാനം ചെയ്തും ആചാരിച്ചു.
ഇത് എപ്പോൾ, എങ്ങനെ ചെയ്യണമെന്നൊന്നും അവിടുന്ന് നിഷ്കർഷിച്ചില്ല, മറിച്ച്, 'ഇത് നിങ്ങൾ ചെയ്യുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ'
ദിവ്യകാരുണ്യ സ്ഥാപനത്തിന്റെ ഈ
ആദ്യ വിവരണം പൗലോസ്സിന്റെതാണ്. (1 Cor 11: 23-25). "As often as you drink it" എന്നത് നിങ്ങൾ ഇത് ചെയ്യുമ്പോഴേല്ലാം, എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നാണ്, അല്ലാതെ, പെസഹപോലെ 'ആണ്ടുതോറും' എന്നോ, തിരുസഭ കല്പനകളിലെ,'ഞായറാഴ്ചകളിലും കാടമുള്ള ദിവസങ്ങളിലു'മെന്നോ
നിഷ്കർശിച്ചതല്ല.
കാലാന്തരത്തിൽ സഭ വ്യവസ്ഥാപിതമായപ്പോൾ, ആചാരാനുഷ്ടാനങ്ങൾ, ആരാധനാക്രമ മൊക്കെ അതിന്റെ ഭാഗമായപ്പോൾ ഇങ്ങനെ ആക്കിയെടുത്തതാവാം.
ഈ കുറിപ്പിനാധാരമായ മുകളിലെ സർവ്വേ പറയുന്നത് ശ്രദ്ധേയമാണ്: 'ആരാധനാ രീതിയും ആചാരങ്ങളുടെ ഗൗരവവും വിശ്വാസത്തെ ശക്തി പ്പെടുത്തുന്നതിൽ നിർണ്ണായകമാണ്!'
സഭയുടെ, 'വിശ്വാസ'ത്തിന്റെ നിലനിൽപ്പിന് ഇവയൊക്കെ ആവശ്യമാവാം...
എന്നാൽ അതിന്റെ പരിണാമം വിചിത്ര മെന്ന് തോന്നുന്നു. ഒടുവിലായി വിശ്വാസികൾക്ക് അപ്പം മാത്രമായി!
സഭ പീഡിപ്പിക്കപ്പെട്ട കാലത്ത് ഒളിവിൽ കഴിഞ്ഞവർ, രോഗികൾ, വൃദ്ധർ, ഏകസ്ഥർ എന്നിവർക്ക് വാഴ്ത്തപ്പെട്ട അപ്പം, ദിവ്യകാരുണ്യം എത്തിക്കുമായിരുന്നു, അതും രഹസ്യമായി. അങ്ങനെ, അപ്പം കൊണ്ടെത്തിച്ച ഒരു കൗമാരക്കാര നായിരുന്നു പങ്ക്‌റാസ് (വിശുദ്ധ പങ്ക്രേഷ്യസ്) എന്നതും ഞാൻ പ്രത്യേകം ഓർക്കുന്നു.
പിന്നീട് ആശ്രമങ്ങളും ദേവാലയങ്ങളും സ്ഥാപിക്കപ്പെട്ടപ്പോൾ അവയിലെ പ്രധാന ആരാധന കേന്ദ്രമായി ദിവ്യകാരുണ്യ സൂക്ഷിപ്പ്. അത് സക്രാരിയായി, പിന്നെ കെടാവിളക്കായി, തുടർന്ന് ദിവ്യബലിക്ക് പുറമെ ദിവ്യകാരുണ്യ ആരാധനയായി...
ഇന്ന് അതിനു മാത്രം ആരാധനാ, നിത്യാരാധനാ ചാപ്പലുകളായി, ശീദീകരിച്ചതും അല്ലാത്തതും....
യേശുവിന്റെ പെസഹ ആചാരണ ത്തിന്റെ (അന്ത്യ അത്താഴം) ഉദ്ദേശം ഇതായിരുന്നോ! അപ്പം മുറിക്കലും കുരിശിലെ അവിടുത്തെ ശരീരം തകർക്കപ്പെട്ടതും പിളർക്കപ്പെട്ടതും, രക്തം ചിന്തപ്പെട്ടതുമായി ഇതിനെ ബന്ധപ്പെടുത്താറുണ്ട്.
എന്നാൽ യേശുവിന്റെ ജീവിതത്തിൽ, അപ്പത്തിന് എന്നും വല്ലാത്ത പ്രത്യേകത, പ്രാധാന്യം ഉണ്ടായിരുന്നു. അവിടുത്തെ ജനനം, 'വചനം മാംസമായത്' (യോഹ 1:14). 'അപ്പത്തിന്റെ കൊട്ട'എന്നറിയപ്പെട്ട
ബെത്ലേഹിമിലാണ്.
വിശപ്പിന്റെ കാഠിന്യത്തിൽ അത്തിമരത്തെ ശപിച്ച (Mt 21: 18-19), ജനങ്ങളുടെ വിശപ്പിലും അനുകമ്പ തോന്നിയവനാണ്, അങ്ങനെ അപ്പം വർദ്ധില്പിച്ചവനാണ് (മത്തായി 15:32-36), വിശന്നപ്പോൾ സാബത്ത്‌ ദിവസം കതിരുകൾ പറിച്ചു തിന്നത് വിമർശിക്കപ്പെട്ടപ്പോൾ അവരെ ന്യായീകരിച്ചവനാണ് അവിടുന്ന് (Mt 12:1-5).
എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ യേശുവിനെ തിരിച്ചറിഞ്ഞത് അവിടുന്ന് അപ്പം മുറിച്ചപ്പോഴാണ്. (Lk 24:13-31).
കാൽവരിയിലെ അവിടുത്തെ കുരിശു മരണത്തിന്റെ മുന്നോടിയായ സ്നേഹാവിഷ്കാരത്തിന്റെ ധന്യമായ ഈ ഓർമ്മ ആചാരവത്കരിക്കപ്പെടുക യല്ല, മറിച്ച് വിശക്കുന്നവർക്ക് അപ്പമായി ത്തീരാൻ നമ്മെ പ്രചോദിപ്പിക്കുകയും,
വെല്ലുവിളിക്കുകയും പ്രാപ്തരാക്കുകയു മാണ് വേണ്ടത്.
ജനത്തിന്റെ വിശപ്പിന് മന്നയും കാടപ്പക്ഷിയും, പാറയിൽ നിന്ന് ജലവും നൽകിയ ദൈവത്തെ പുറപ്പാട് പുസ്തകം അവതരിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ വിശപ്പിന്റെ പേരിൽ ആദിവാസി യുവാവ് (മനു)വിനെ പകൽ വെളിച്ചത്തിൽ നടുത്തെരുവിൽ ആൾക്കൂട്ടം ആരുംകൊല ചെയ്തത്,
ഗാസയിൽ ആഹാരത്തിനായി വരിനിന്നവരെടെ മേൽ നിറയൊഴിച്ചു വംശഹത്യ ചെയ്തത്, ആഫ്രിക്കൻ രാജ്യങ്ങളിലെ യുദ്ധമേഖലകളിൽ വിശന്നു മരിക്കുന്നവർ,
വയറൊട്ടിയ കുഞ്ഞു മരിക്കുന്നതും കാത്ത് വിഴുങ്ങാൻ കാത്തിരിക്കുന്ന കഴുകന്റെ പ്രസ്സിദ്ധമായ പഴയ ചിത്രവുമൊക്കെ നമ്മെ വെല്ലുവിളിക്കു കയാണ് വേണ്ടത്.
അവസാനമായി പഴയ ഒരു വിപ്ലവ ഗാനം (Dynamic Action) അനുസ്മരിച്ച് സമാഹരിക്കട്ടെ:
"... വിശക്കുമ്പോൾ വിരുന്നൊരുക്കാൻ അപ്പമുണ്ടോ കൂട്ടരേ/ കല്ലിനെ അപ്പമാക്കാൻ സിദ്ധിയുണ്ടോ കൂട്ടരേ/ മാംസത്തെ അപ്പമാക്കാൻ സിദ്ധിയില്ലേ കൂട്ടരേ/ വരണ്ടരണ്ട തൊണ്ടയ്ക്കായി എന്തുണ്ട് കൂട്ടരേ/ വെള്ളത്തെ വീഞ്ഞാക്കാൻ സിദ്ധിയുണ്ടോ കൂട്ടരേ/ രക്തത്തെ വെള്ളമാക്കാൻ സിദ്ധിയില്ലേ കൂട്ടരേ!"
'നിങ്ങളുടെ ഉറിയിൽ സൂക്ഷിച്ചിരിക്കുന്ന കഞ്ഞി അയലത്തെ വീട്ടിൽ വിശന്നു കരയുന്ന കുഞ്ഞിന്റെതാണ്. ആ അർത്ഥത്തിൽ നിങ്ങൾ മോഷ്ടാവാണ്' എന്ന് വി. ബെയ്‌സിൽ പറഞ്ഞതും ഓർക്കാം.
"അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ..." എന്ന് പ്രാർത്ഥിച്ച് നിർത്തട്ടെ.
നന്ദി.

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...